Monday 9 April 2007

അമ്മ

നിന്റെ ആദ്യ പിറന്നാള്‍ അമ്മ സന്തോഷത്തോടെ ആഘോഷിച്ചു.
നീ പാല്‍പായസം കുടിച്ചു.

തനിക്കു സാരി വാങ്ങാതെ അമ്മ നിനക്കു പുതുവസ്ത്രങ്ങള്‍ മേടിച്ചു.
നീ കൂട്ടുകാര്‍ക്കു മുന്നില്‍ മേനി നടിച്ചു.

പനി വന്നപ്പോള്‍ അമ്മ നിന്നെയും എടുത്ത്‌ ഡോക്ടറുടെ അടുത്തേക്ക്‌ ഓടി.
നീ ആരോഗ്യം വീണ്ടെടുത്തു.

താന്‍ മിച്ചം പിടിച്ച പൈസ അമ്മ നിനക്കു സൈക്കിള്‍ വാങ്ങാന്‍ തന്നു.
സൈക്കിളില്‍ നീ ഞെളിഞ്ഞിരുന്നു.

നീ കോളേജില്‍ പോയപ്പോള്‍ അമ്മ നിനക്കു ഭക്ഷണം തന്നയച്ചു.
നീ സ്വാതന്ത്ര്യത്തിന്റെ ആദ്യ മധുരം നുകര്‍ന്നു.

ആദ്യ ശമ്പളം വാങ്ങി വരുന്ന നിന്നെ കാണാന്‍ അമ്മ ഉമ്മറപ്പടിയില്‍ കാത്തുനിന്നു. നിന്നെ കണ്ടപ്പോള്‍ കണ്ണടച്ചു പ്രാര്‍ഥിച്ചു.

നീ കൂട്ടുകാര്‍ക്കു ചെലവു ചെയ്തിട്ടു വരികയായിരുന്നു.

ഇഷ്ടപ്പെട്ട പെണ്ണിനെ കല്യാണം കഴിച്ച്‌ വീട്ടിലേക്കു കൂട്ടികൊണ്ടു വന്നപ്പോള്‍ അമ്മ നിന്നെ അനുഗ്രഹിച്ചു.

നീ ഭാര്യയോടൊപ്പം സന്തോഷം പങ്കിട്ടു.

ഇന്നു പ്രായം ചെന്ന്, ഏകയായി കഴിയുന്ന അമ്മ അകലെയിരിക്കുന്ന നിനക്കായി പ്രാര്‍ഥിക്കുന്നു.
നീ അത്‌ അറിയുന്നില്ല.

ഓര്‍ക്കുക! തനിക്കുള്ളതെല്ലാം അമ്മ നിനക്കാണു തന്നത്‌.

അതിനാല്‍ ഇനിയും വൈകുന്നതിനു മുന്‍പ്‌, വൈകിപ്പോകുന്നതിനു മുന്‍പ്‌ നീ അമ്മയെ കാണുക, നിനക്കു തന്നതില്‍ ഒരു നുള്ളു സ്നേഹം തിരിച്ചു നല്‍കുക.

അമ്മ നിനക്കു വേണ്ടി എന്തെല്ലാം ത്യജിച്ചു! മുഖം മുഷിയാതെ, പരാതിയോ, പരിഭവമോ ഇല്ലാതെ.

സ്നേഹത്തില്‍ നിന്ന് ഒരു തുള്ളി, സമയത്തില്‍ നിന്ന് ഒരു മാത്ര, അത്രയെങ്കിലും അമ്മ അര്‍ഹിക്കുന്നു. ഇപ്പോഴും വൈകിയിട്ടില്ല. വേഗമാകട്ടെ.

1 comment:

santhosh balakrishnan said...

കൊള്ളാം...നന്നായിട്ടുണ്ട്..