Monday 7 May 2007

സാമ്പത്തികം

ലോകബാങ്ക്‌ എ.ഡി.ബി.ക്കും എ.ഡി.ബി. ചിദംബരത്തിനും ചിദംബരം തോമസ്‌ ഐസക്കിനും ഐസക്ക്‌ മാരാരിക്കുളത്തെ സഖാവ്‌ മാധവനും അയച്ചുകൊടുത്ത ഒരു കടദാസിന്റെ കഥ.

സഖാവ്‌ മാധവന്‍ ചായ കുടിക്കാനായി പോയത്‌ കവലയിലെ രാമേട്ടന്റെ കാപ്പിക്ലബ്ബിലേക്കാണ്‌. കടലാസ്‌ വായിച്ചിട്ടും കാര്യം പിടികിട്ടാതിരുന്ന സഖാവ്‌ മാധവന്‍ അതു ലളിതമാക്കാനായി രാമേട്ടനേയും രാമേട്ടന്‍ അത്‌ റ്റെയ്‌ലര്‍ മണിയെയും ഏല്‍പിച്ചു.

ഇനിയുള്ളതു മണിയുടെ ലളിത ഭാഷ്യം.

അഡ്‌ വെലോറം തീരുവ: ഒരു ലത്തീന്‍ പ്രയോഗം. സോണിയാ ഗാന്ധിയെ പ്രീതിപ്പെടുത്താന്‍ മന്മോഹന്‍ സിംഗ്‌ കണ്ടുപിടിച്ച വാക്ക്‌. പതിവ്‌ എക്സൈസ്‌ തീരുവയ്ക്കു പുറമേ ശതമാനക്കണക്കില്‍ കാശു വാങ്ങാനുള്ള ഏര്‍പ്പാട്‌.

ആദായ നികുതി: സര്‍ക്കാരിന്‌ ആദായമുണ്ടാക്കാന്‍ പ്രായഭേദമില്ലാതെ ആരില്‍ നിന്നും പണം പിടുങ്ങാനുള്ള മാര്‍ഗം.

ബജറ്റ്‌ കമ്മി: വരവിനെക്കാള്‍ ചെലവ്‌ കൂടുതലുള്ള സര്‍ക്കാര്‍ അവസ്ഥ. യഥാ രാജ, തഥാ പ്രജയെന്നു പഴയ മലയാളം.

ബാലന്‍സ്‌ ഓഫ്‌ പേമന്റ്‌: കൊടുക്കാന്‍ കാശില്ലാത്തതിനാല്‍ ബാലന്‍സ്‌ പോയ അവസ്ഥ.

കസ്റ്റംസ്‌ തീരുവ: നാട്ടിലേക്കു കൊണ്ടുവരുന്ന ഏതു ചരക്കിനും ചുമത്താവുന്ന ചുങ്കം. പുറത്തേക്കു പോകുന്ന ചരക്കിനും ചുമത്താം. പരമ സുഖം.

എക്സൈസ്‌ തീരുവ: സര്‍ക്കാരിന്റെ വരുമാനം കൂട്ടാന്‍ ജനത്തെ കള്ളുകുടിപ്പിക്കയും പുകവലിപ്പിക്കുകയും ചെയ്യുന്ന പണി.

ഉപഭോക്ത്രു വില സൂചിക: ഇല്ലാത്ത വിലയുടെ കണക്കില്‍ ഉപ ഭോക്താവിനെ പറ്റിക്കുന്ന സൂചി.

പ്രത്യക്ഷ നികുതി:കുത്തിനു പിടിച്ച്‌ കാശു മേടിക്കുന്ന പരിപാടി.

പരോക്ഷ നികുതി: പോക്കറ്റടി.

ഓഹരി വില്‍പന: ലാഭത്തിലുള്ള സ്ഥാപനങ്ങള്‍ വിറ്റു കാശാക്കുന്ന തന്ത്രം.

നേരിട്ടുള്ള വിദേശ നിക്ഷേപം: പുറത്തുള്ള കാശുകാരന്‍ അകത്തുള്ള വസ്തു വാങ്ങുന്നതിനുള്ള വഴി.

വാറ്റ്‌: കച്ചവടക്കാരനെ ഊറ്റുന്നതിനു പകരം അവനെ വാറ്റി പണമുണ്ടാക്കുന്ന രീതി.

നാണ്യപ്പെരുപ്പം: സാധനവിലയ്ക്കനുസരിച്ച്‌ വേതനവും വേതന വര്‍ധനയ്ക്കനുസരിച്ച്‌ സാധന വിലയും കൂടിക്കൊണ്ടിരിക്കുന്ന കടംകഥ. തൊമ്മന്‍ അയയുമ്പൊള്‍ ചാണ്ടി മുറുകും.

(തുടരും)