Monday, 7 May 2007

സാമ്പത്തികം

ലോകബാങ്ക്‌ എ.ഡി.ബി.ക്കും എ.ഡി.ബി. ചിദംബരത്തിനും ചിദംബരം തോമസ്‌ ഐസക്കിനും ഐസക്ക്‌ മാരാരിക്കുളത്തെ സഖാവ്‌ മാധവനും അയച്ചുകൊടുത്ത ഒരു കടദാസിന്റെ കഥ.

സഖാവ്‌ മാധവന്‍ ചായ കുടിക്കാനായി പോയത്‌ കവലയിലെ രാമേട്ടന്റെ കാപ്പിക്ലബ്ബിലേക്കാണ്‌. കടലാസ്‌ വായിച്ചിട്ടും കാര്യം പിടികിട്ടാതിരുന്ന സഖാവ്‌ മാധവന്‍ അതു ലളിതമാക്കാനായി രാമേട്ടനേയും രാമേട്ടന്‍ അത്‌ റ്റെയ്‌ലര്‍ മണിയെയും ഏല്‍പിച്ചു.

ഇനിയുള്ളതു മണിയുടെ ലളിത ഭാഷ്യം.

അഡ്‌ വെലോറം തീരുവ: ഒരു ലത്തീന്‍ പ്രയോഗം. സോണിയാ ഗാന്ധിയെ പ്രീതിപ്പെടുത്താന്‍ മന്മോഹന്‍ സിംഗ്‌ കണ്ടുപിടിച്ച വാക്ക്‌. പതിവ്‌ എക്സൈസ്‌ തീരുവയ്ക്കു പുറമേ ശതമാനക്കണക്കില്‍ കാശു വാങ്ങാനുള്ള ഏര്‍പ്പാട്‌.

ആദായ നികുതി: സര്‍ക്കാരിന്‌ ആദായമുണ്ടാക്കാന്‍ പ്രായഭേദമില്ലാതെ ആരില്‍ നിന്നും പണം പിടുങ്ങാനുള്ള മാര്‍ഗം.

ബജറ്റ്‌ കമ്മി: വരവിനെക്കാള്‍ ചെലവ്‌ കൂടുതലുള്ള സര്‍ക്കാര്‍ അവസ്ഥ. യഥാ രാജ, തഥാ പ്രജയെന്നു പഴയ മലയാളം.

ബാലന്‍സ്‌ ഓഫ്‌ പേമന്റ്‌: കൊടുക്കാന്‍ കാശില്ലാത്തതിനാല്‍ ബാലന്‍സ്‌ പോയ അവസ്ഥ.

കസ്റ്റംസ്‌ തീരുവ: നാട്ടിലേക്കു കൊണ്ടുവരുന്ന ഏതു ചരക്കിനും ചുമത്താവുന്ന ചുങ്കം. പുറത്തേക്കു പോകുന്ന ചരക്കിനും ചുമത്താം. പരമ സുഖം.

എക്സൈസ്‌ തീരുവ: സര്‍ക്കാരിന്റെ വരുമാനം കൂട്ടാന്‍ ജനത്തെ കള്ളുകുടിപ്പിക്കയും പുകവലിപ്പിക്കുകയും ചെയ്യുന്ന പണി.

ഉപഭോക്ത്രു വില സൂചിക: ഇല്ലാത്ത വിലയുടെ കണക്കില്‍ ഉപ ഭോക്താവിനെ പറ്റിക്കുന്ന സൂചി.

പ്രത്യക്ഷ നികുതി:കുത്തിനു പിടിച്ച്‌ കാശു മേടിക്കുന്ന പരിപാടി.

പരോക്ഷ നികുതി: പോക്കറ്റടി.

ഓഹരി വില്‍പന: ലാഭത്തിലുള്ള സ്ഥാപനങ്ങള്‍ വിറ്റു കാശാക്കുന്ന തന്ത്രം.

നേരിട്ടുള്ള വിദേശ നിക്ഷേപം: പുറത്തുള്ള കാശുകാരന്‍ അകത്തുള്ള വസ്തു വാങ്ങുന്നതിനുള്ള വഴി.

വാറ്റ്‌: കച്ചവടക്കാരനെ ഊറ്റുന്നതിനു പകരം അവനെ വാറ്റി പണമുണ്ടാക്കുന്ന രീതി.

നാണ്യപ്പെരുപ്പം: സാധനവിലയ്ക്കനുസരിച്ച്‌ വേതനവും വേതന വര്‍ധനയ്ക്കനുസരിച്ച്‌ സാധന വിലയും കൂടിക്കൊണ്ടിരിക്കുന്ന കടംകഥ. തൊമ്മന്‍ അയയുമ്പൊള്‍ ചാണ്ടി മുറുകും.

(തുടരും)

Monday, 9 April 2007

അമ്മ

നിന്റെ ആദ്യ പിറന്നാള്‍ അമ്മ സന്തോഷത്തോടെ ആഘോഷിച്ചു.
നീ പാല്‍പായസം കുടിച്ചു.

തനിക്കു സാരി വാങ്ങാതെ അമ്മ നിനക്കു പുതുവസ്ത്രങ്ങള്‍ മേടിച്ചു.
നീ കൂട്ടുകാര്‍ക്കു മുന്നില്‍ മേനി നടിച്ചു.

പനി വന്നപ്പോള്‍ അമ്മ നിന്നെയും എടുത്ത്‌ ഡോക്ടറുടെ അടുത്തേക്ക്‌ ഓടി.
നീ ആരോഗ്യം വീണ്ടെടുത്തു.

താന്‍ മിച്ചം പിടിച്ച പൈസ അമ്മ നിനക്കു സൈക്കിള്‍ വാങ്ങാന്‍ തന്നു.
സൈക്കിളില്‍ നീ ഞെളിഞ്ഞിരുന്നു.

നീ കോളേജില്‍ പോയപ്പോള്‍ അമ്മ നിനക്കു ഭക്ഷണം തന്നയച്ചു.
നീ സ്വാതന്ത്ര്യത്തിന്റെ ആദ്യ മധുരം നുകര്‍ന്നു.

ആദ്യ ശമ്പളം വാങ്ങി വരുന്ന നിന്നെ കാണാന്‍ അമ്മ ഉമ്മറപ്പടിയില്‍ കാത്തുനിന്നു. നിന്നെ കണ്ടപ്പോള്‍ കണ്ണടച്ചു പ്രാര്‍ഥിച്ചു.

നീ കൂട്ടുകാര്‍ക്കു ചെലവു ചെയ്തിട്ടു വരികയായിരുന്നു.

ഇഷ്ടപ്പെട്ട പെണ്ണിനെ കല്യാണം കഴിച്ച്‌ വീട്ടിലേക്കു കൂട്ടികൊണ്ടു വന്നപ്പോള്‍ അമ്മ നിന്നെ അനുഗ്രഹിച്ചു.

നീ ഭാര്യയോടൊപ്പം സന്തോഷം പങ്കിട്ടു.

ഇന്നു പ്രായം ചെന്ന്, ഏകയായി കഴിയുന്ന അമ്മ അകലെയിരിക്കുന്ന നിനക്കായി പ്രാര്‍ഥിക്കുന്നു.
നീ അത്‌ അറിയുന്നില്ല.

ഓര്‍ക്കുക! തനിക്കുള്ളതെല്ലാം അമ്മ നിനക്കാണു തന്നത്‌.

അതിനാല്‍ ഇനിയും വൈകുന്നതിനു മുന്‍പ്‌, വൈകിപ്പോകുന്നതിനു മുന്‍പ്‌ നീ അമ്മയെ കാണുക, നിനക്കു തന്നതില്‍ ഒരു നുള്ളു സ്നേഹം തിരിച്ചു നല്‍കുക.

അമ്മ നിനക്കു വേണ്ടി എന്തെല്ലാം ത്യജിച്ചു! മുഖം മുഷിയാതെ, പരാതിയോ, പരിഭവമോ ഇല്ലാതെ.

സ്നേഹത്തില്‍ നിന്ന് ഒരു തുള്ളി, സമയത്തില്‍ നിന്ന് ഒരു മാത്ര, അത്രയെങ്കിലും അമ്മ അര്‍ഹിക്കുന്നു. ഇപ്പോഴും വൈകിയിട്ടില്ല. വേഗമാകട്ടെ.

Saturday, 7 April 2007

മിഠായി തെരുവിനെ തീ വിഴുങ്ങി എന്നു വാര്‍ത്ത.

മി ഠോ യി തെരുവ്‌!!!

നമ്മുടെ പയ്യന്മാര്‍

ഒരു ആത്മഗതം

ആദ്യം എം.എ.ബേബി, പിന്നെ എ.കെ.ബാലന്‍, ഇപ്പോള്‍ പാലോളി മുഹമ്മദ്‌ കുട്ടി.... നമ്മുടെ പയ്യന്മാര്‍ക്ക്‌ ഇതെന്തു പറ്റി???

വി.എസ്‌. ഒപ്പ്‌

Thursday, 22 March 2007

കണ്ണൂരാനേ, കരിം മാഷേ സ്വസ്തി. ബൂലോകത്തു തമ്മില്‍ കണ്ടുമുട്ടിയതു നന്നായി. അല്ലെങ്കില്‍ ഞാന്‍ പേടിച്ചുപോയേനെ. സൈബര്‍ ഇടവഴിയില്‍ ഒറ്റയ്ക്കു നില്‍ക്കുന്നതിന്റെ പേടി.

Wednesday, 21 March 2007

ആദ്യ വാക്ക്‌

ആദിയില്‍ വചനമുണ്ടായി. മഹാ വെളിച്ചത്തില്‍ നിന്ന് ഉദയംകൊണ്ട സര്‍വ ചരാചരങ്ങളും ആ വചനത്തിന്റെ നിഴലില്‍ ഒളിച്ചുകളിക്കുന്നു. കാലത്തിന്റെ ചിരിയില്‍ കളഭം മണക്കുന്നു. ഇതു കടങ്കഥയാകുന്നു. കഥയ്ക്ക്‌ ഉത്തരം പറഞ്ഞാല്‍ കടം പത്ത്‌.